Newsroom
kerala summer rain : മിന്നല്‍ ശക്തമാകാനും, ആലിപ്പഴം പെയ്യാനും കാരണമെന്ത് ?
Metbeat News

kerala summer rain : മിന്നല്‍ ശക്തമാകാനും, ആലിപ്പഴം പെയ്യാനും കാരണമെന്ത് ?

കേരളത്തില്‍ വടക്കന്‍ ജില്ലകളെ അപേക്ഷിച്ച് തെക്കന്‍ ജില്ലകളില്‍ മിന്നല്‍ സാധ്യത കൂടുതലാണ്. അറബിക്കടലില്‍ നിന്നുള്ള ഈര്‍പ്പമുള്ള കാറ്റ് പശ്ചിമഘട്ടത്തില്

kerala summer rain : മിന്നല്‍ ശക്തമാകാനും, ആലിപ്പഴം പെയ്യാനും കാരണമെന്ത് ? 

കേരളത്തില്‍ കഴിഞ്ഞ ദിവസം പെയ്ത വേനല്‍ മഴയുടെ സ്വഭാവത്തില്‍ ഒരു മാറ്റം തോന്നിയോ. സാധാരണ ഇടിവെട്ടി പെയ്യുന്ന (Thunderstorm) വേനല്‍ മഴയ്ക്കു പകരം ശക്തമായ മിന്നലും കാറ്റും (Gust Wind) ഒപ്പം വടക്കന്‍ കേരളത്തിലടക്കം ആലിപ്പഴ വര്‍ഷവും (Hail Storm) എല്ലാം അനുഭവിച്ചപ്പോള്‍ കൗതുകത്തിനു അപ്പുറം നമ്മുടെ നാട്ടിലെ അന്തരീക്ഷസ്ഥിതി (weather) യില്‍ എന്തോ മാറ്റം വന്നതുപോലെ തോന്നിയോ. എങ്കില്‍ അതു വെറും തോന്നലല്ല. 

ഇടിയോടെ മഴ വേനലില്‍ പെയ്യാന്‍ കാരണമെന്ത്?

കാലാവസ്ഥാ വ്യതിയാനം (Climate Change) അന്തരീക്ഷത്തില്‍ വരുത്തുന്ന മാറ്റമാണ് പെട്ടെന്നുള്ള ഇടിയും മഴയും ആലിപ്പഴ വര്‍ഷത്തിനും കാരണമാകുന്നത്. വിശദമായി പറയാം. താപസംവഹനം  മൂലം രൂപപ്പെടുന്ന സംവഹന മേഘങ്ങള്‍ ( Convective Storm) ആണ് വേനലില്‍ ഇടി വെട്ടി പെയ്യുന്ന മഴക്ക് കാരണം.

ചൂട് നന്നായി കൂടുമ്പോഴാണ് താപ സംവഹനം (Convection) നടക്കുന്നത്. ഭൂമിയുടെ ഉപരിതലം (Earth Surface) നോട് ചേര്‍ന്നുള്ള ഭാഗമാണല്ലോ കൂടുതല്‍ ചൂടു പിടിക്കുന്നത്. അതിനാല്‍ ഭൗമോപരിതലത്തിലെ ഈര്‍പ്പമുള്ള വായു പെട്ടെന്ന് ചൂടുപിടിച്ച് മുകളിലേക്ക് ഉയരുന്നതും മുകളിലെത്തുമ്പോള്‍ ഘനീഭവിച്ച് മേഘങ്ങള്‍ രൂപപ്പെട്ട് മഴ നല്‍കുന്നതുമാണ് സംവഹന മഴ. 

വേഗത്തില്‍ രൂപപ്പെടുന്ന മേഘങ്ങള്‍

ഉച്ച വരെ നല്ല ചൂടും തെളിഞ്ഞ ആകാശവുമായിരിക്കും വേനലില്‍. ഉച്ചയ്ക്ക് ശേഷം പെട്ടെന്നാകും ആകാശം മാറുന്നതും മഴ പെയ്യുന്നതും. ചിലപ്പോള്‍ അരമണിക്കൂറുകൊണ്ട് ആകാശം കറുത്തിരുണ്ട് പൊടുന്നനെ മഴ പെയ്യും. ഒരു തണുത്ത കാറ്റ് വീശുന്നതും പിന്നാലെ വലിയ മഴത്തുള്ളി വീഴുന്നതും കാണാം. ഒരു മണിക്കൂര്‍ മുന്‍പു പോലും മഴയുടെ ഒരു ലക്ഷണം കാണില്ല. 

പെട്ടെന്നുള്ള മഴ വെതര്‍മാന്‍മാർ നേരത്തെ അറിയുന്നത് 

ഞങ്ങളെ പോലുള്ള കാലാവസ്ഥാ നീരീക്ഷകര്‍ രാവിലെ തന്നെ ഏതെല്ലാം പ്രദേശങ്ങളില്‍ മഴ പെയ്യുമെന്ന് പറയുന്നത് നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാകും. ശരിക്കും നമുക്ക് കാഴ്ചയില്‍ മഴയുടെ ലക്ഷണങ്ങള്‍ ഇല്ലെങ്കിലും അന്തരീക്ഷം നേരത്തെ അതിനുള്ള ഒരുക്കങ്ങള്‍ നടത്തുന്നുണ്ട്. അത് പ്രകാരമാണ് നമ്മള്‍ മഴ പ്രവചിക്കുന്നത്.

കേരളത്തിന്റെ വേനല്‍ മഴയില്‍ ഇടിയും കാറ്റും കനത്ത മഴയും ഒറ്റപ്പെട്ടയിടങ്ങളിലെ ആലിപ്പഴ വര്‍ഷവും പതിവുള്ളതാണ്. പക്ഷേ, ഇത്തവണ നേരത്തെ അത് സജീവമായെന്നും ഇടിമിന്നല്‍ കൂടുമെന്നുമാണ് വെതര്‍മാന്‍ കേരള ഉള്‍പ്പെടെ കാലാവസ്ഥാ നിരീക്ഷകര്‍ നേരത്തെ പറഞ്ഞത്. അതിനും കാരണമുണ്ട്.

1774715948W.webp മിന്നലേറ്റ് തകർന്ന തെങ്ങും മരിച്ചയാൾ (ഇൻസെറ്റിൽ)

അന്നും ഇന്നും വ്യത്യാസം

പെട്ടെന്നുള്ള താപ വ്യതിയാനമാണ് ഇടിമിന്നല്‍ ഉള്‍പ്പെടെ ശക്തിപ്പെടാനുള്ള കാരണങ്ങളിലൊന്ന്. മുന്‍പ് ഫെബ്രുവരി കഴിഞ്ഞാണ് വേനല്‍ പതിയെ ചൂടു കൂടി വന്നിരുന്നത്. വിഷുവിനോട് അനുബന്ധിച്ച് ഒരു വേനല്‍ മഴ. അതിനു മുന്‍പു ചേന നടും.

ഈ മഴയോടനുബന്ധിച്ച് ഇടിവെട്ടി പൂവ് ഉണ്ടാകും. അങ്ങനെയായിരുന്നു കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ്. പിന്നീട് പ്രീ മണ്‍സൂണ്‍ മഴ സജീവമാകുന്നത് ഏപില്‍ പകുതിക്ക് ശേഷവും മെയ് മാസത്തിലുമാണ്. പ്രധാനമായും സംവഹന മഴയാണ് ഈ മാസങ്ങളില്‍ ലഭിച്ചിരുന്നത്.

ഇപ്പോള്‍ ചൂട് ജനുവരിയിലേ സജീവമായി തുടങ്ങുന്നു. ഫെബ്രുവരിയില്‍ 40 ഡിഗ്രി കടക്കുന്ന സാഹചര്യം കഴിഞ്ഞ വര്‍ഷങ്ങളിലുണ്ടായി. ഈ വര്‍ഷം ചൂട് 40 ഡിഗ്രി ഫെബ്രുവരിയില്‍ കടന്നില്ല. 2021 മുതല്‍ 2024 വരെ കേരളത്തിലെ വേനല്‍ മഴയില്‍ ഇടിമിന്നലും കാറ്റും മഴയുടെ തീവ്രതയും വര്‍ധിച്ചു. 

മിന്നല്‍ ശക്തിപ്പെടും

കേരളത്തില്‍ വടക്കന്‍ ജില്ലകളെ അപേക്ഷിച്ച് തെക്കന്‍ ജില്ലകളില്‍ മിന്നല്‍ സാധ്യത കൂടുതലാണ്. അറബിക്കടലില്‍ നിന്നുള്ള ഈര്‍പ്പമുള്ള കാറ്റ് പശ്ചിമഘട്ടത്തില്‍ തട്ടി ഉയര്‍ന്ന് കിഴക്കന്‍ മലയോരത്ത് മേഘങ്ങള്‍ രൂപപ്പെടുകയും കിഴക്കന്‍ കാറ്റിന്റെ സ്വാധീനത്താല്‍ ഈ മേഘങ്ങള്‍ പടിഞ്ഞാറേക്ക് നീങ്ങി ഇടനാട്ടില്‍ വൈകിട്ടും തീരദേശത്ത് രാത്രിയുമായി മഴ നല്‍കുന്ന രീതിയാണുള്ളത്. പശ്ചിമഘട്ടത്തിന്റെ തടഞ്ഞു നിര്‍ത്തല്‍ ശേഷി കൂടുതലും ഭൂപ്രകൃതിയിലെ പ്രത്യേകത പ്രകാരം തെക്കന്‍ ജില്ലയിലാണ് കൂടുതലുള്ളത്. 

അതിനാല്‍ കോട്ടയം, എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ വേനല്‍ മഴ കൂടുതലാണ്. അതോടൊപ്പം ഇടിമിന്നല്‍ ശക്തിയും കൂടും. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായുള്ള താപ വ്യതിയാനം ഈര്‍പ്പ തോതിലെ വ്യതിയാനം എല്ലാം മേഘരൂപീകരണത്തിന്റെ സ്വഭാവത്തിലും വിതരണത്തിലും മാറ്റം വരുത്തും.

ഇത്തരം സാധ്യതാ പ്രദേശങ്ങള്‍ കണ്ടെത്തി കാലാവസ്ഥാ നിരീക്ഷകര്‍ക്ക് നേരത്തെയുള്ള മുന്നറിയിപ്പ് ( early warninsg) നല്‍കാനും അതുവഴി ദുരന്ത നിവാരണ മുന്നൊരുക്കങ്ങള്‍ ( disaster preparednsse nd resilience) നടത്താനും കഴിയും. കൂമ്പാര മേഘങ്ങള്‍ ( cumulonimbus clouds)
ട്രാക്ക് ചെയ്ത് തല്‍സമയ പ്രവചനം ( now casting) ചെയ്യാനുമാകും. ന്യൂനമര്‍ദ പാത്തികള്‍ ( troughs)
ചകവാത ചുഴികള്‍, കാറ്റിന്റെ ഗതിമുറിവ് (wind discontinuities)  എന്നിവയെല്ലാം വേനല്‍ മഴയിലേക്ക് നയിക്കുന്ന കാരണങ്ങളാണ്. 

1774790490W.webp ഇന്നലെ മഞ്ചേരിയിൽ മഴക്കൊപ്പം പെയ്ത ആലിപ്പഴം (hailstorm) - Photo : Sreejesh CP

ഇന്നലത്തെ ആലിപ്പഴത്തിന് (hail storm ) കാരണം  ?

ഇന്നലത്തെ മഴയില്‍ ഒരു പ്രത്യേകതയുണ്ടായിരുന്നു. പശ്ചിമവാതം (western disturbance) ശക്തമായ സമയമായിരുന്നതിനാല്‍ ഇതിന്റെ സ്വാധീനം തെക്കന്‍ സംസ്ഥാനങ്ങളിലേക്ക് എത്തിയിരുന്നു. മധ്യ ധരണ്യാഴിയില്‍ നിന്നുള്ള ശൈത്യക്കാറ്റാണ് പശ്ചിമവാതം. ഈ തണുത്ത വരണ്ട കാറ്റും കേരളത്തിലെ ഈര്‍പ്പമുള്ള ചൂടുകാറ്റും ചേര്‍ന്നതാണ് കനത്ത മിന്നലിനും ആലിപ്പഴത്തിനും കാരണമായത്.

English Summary : Understanding Kerala's Intense Summer Rains: Lightning, Hailstorms, and Climate Shifts. The recent summer rains in Kerala have shown a significant departure from the usual patterns, characterized by unusually intense lightning, strong gusty winds, and hailstorms, particularly in Northern Kerala

ശബരിമല: ഭക്തര്‍ ദര്‍ശന സമയത്തില്‍ മാറ്റം വരുത്തണമെന്ന് ദേവസ്വം ബോര്‍ഡ്

തീവ്ര മഴയെ തുടര്‍ന്ന് പമ്പാ നദിയില്‍ വെള്ളപൊക്കം ഉണ്ടായ പശ്ചാത്തലത്തില്‍ നിറപുത്തരി ചടങ്ങുകള്‍ക്ക് ശബരിമല നട തുറക്കുന്ന ഓഗസ്റ്റ് 2, 3 തീയതികളില്‍ ശബരിമല ദര്‍ശനം നടത്താന്‍ തീരുമാനിച്ചിട്ടുള്ള ഭക്തര്‍ കഴിവതും യാത്ര ഒഴിവാക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു. 

ഓഗസ്റ്റ് മാസത്തില്‍ തന്നെ ചിങ്ങമാസ പൂജകള്‍ക്കായും (ഓഗസ്റ്റ് 16 മുതല്‍ 21 വരെയും) ഓണത്തോട് അനുബന്ധിച്ച പൂജകള്‍ക്കായും (ഓഗസ്റ്റ് 24 മുതല്‍ 28 വരെയും) ശബരിമല നട തുറക്കുന്നുണ്ട്. ഇത് ദര്‍ശനത്തിനായി ഭക്തര്‍ക്ക് തിരഞ്ഞെടുക്കാവുന്നതാണെന്നും ബോര്‍ഡ് പറഞ്ഞു. കനത്ത  മഴ തുടരുന്നതിനാലും മണ്ണിടിച്ചില്‍ സാധ്യതയുള്ളതിനാലുമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭക്തരോട് ഇത്തരത്തില്‍ ഒരു അഭ്യര്‍ത്ഥന നടത്തിയത്.

English Summary: The Travancore Devaswom Board (TDB) has requested devotees to avoid visiting the Sabarimala temple on August 2 and 3 during the Niraputhari rituals, following severe flooding in the Pamba River caused by heavy rainfall.

More from Metbeat