
Kerala Heavy Rainfall Alert : കേരളത്തിൽ കനത്ത മഴ തുടരും; 9 ജില്ലകളിൽ റെഡ് അലർട്ട്, അതീവ ജാഗ്രത നിർദേശം
കേരളത്തിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ശനിയാഴ്ച (ഓഗസ്റ്റ് 1) ഒമ്പത് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.
കേരളത്തിൽ കനത്ത മഴ തുടരും; 9 ജില്ലകളിൽ റെഡ് അലർട്ട്, അതീവ ജാഗ്രത നിർദേശം
കേരളത്തിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ശനിയാഴ്ച (ഓഗസ്റ്റ് 1) ഒമ്പത് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും നിലവിലുണ്ട്. അടുത്ത അഞ്ച് ദിവസത്തേക്കുള്ള പുതുക്കിയ മഴസാധ്യതാ പ്രവചനത്തിലാണ് മുന്നറിയിപ്പ്.
പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളിൽ 24 മണിക്കൂറിൽ 204.4 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളിൽ 115.6 മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കാനിടയുള്ളതിനാലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്.
ഓഗസ്റ്റ് 2-ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും 64.5 മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വ്യാപക വെള്ളക്കെട്ടിനും സാധ്യത
അതിതീവ്ര മഴയെ തുടർന്ന് മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ, മിന്നൽപ്രളയം എന്നിവയ്ക്ക് സാധ്യതയുള്ളതായി അധികൃതർ മുന്നറിയിപ്പ് നൽകി. നഗരപ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വ്യാപക വെള്ളക്കെട്ടിനും സാധ്യതയുണ്ട്.
മലയോര മേഖലയിലും മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലും താമസിക്കുന്നവർ ആവശ്യമായാൽ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാൻ തയ്യാറാകണമെന്ന് നിർദേശിച്ചിട്ടുണ്ട്. വെള്ളക്കെട്ട് പതിവായ പ്രദേശങ്ങളിലെ ആളുകൾ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറുന്നതിനുള്ള ഒരുക്കങ്ങൾ നടത്തണം. ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ദുർബലമായ വീടുകളിൽ താമസിക്കുന്നവർ പ്രത്യേക ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.
ശക്തമായ മഴയുള്ള സാഹചര്യത്തിൽ നദികളും ജലാശയങ്ങളും മുറിച്ചുകടക്കരുത്, കുളിക്കാനോ മീൻപിടിക്കാനോ ഇറങ്ങരുത്. അനാവശ്യ യാത്രകൾ ഒഴിവാക്കുകയും വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങളിലേക്കുള്ള വിനോദയാത്രകൾ മഴ മുന്നറിയിപ്പ് പിൻവലിക്കുന്നതുവരെ മാറ്റിവയ്ക്കുകയും വേണം. മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര പൂർണമായും ഒഴിവാക്കാനും നിർദേശമുണ്ട്.
കടലാക്രമണ സാധ്യതയുള്ള തീരപ്രദേശങ്ങളിലെ ജനങ്ങളും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു. മത്സ്യബന്ധന ഉപകരണങ്ങൾ സുരക്ഷിതമാക്കുകയും ആവശ്യമായാൽ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറുകയും വേണം.
അടിയന്തര ആവശ്യങ്ങൾക്കുള്ള എമർജൻസി കിറ്റ്
ദുരന്തസാധ്യതയുള്ള പ്രദേശങ്ങളിലെ ആളുകൾ അടിയന്തര ആവശ്യങ്ങൾക്കുള്ള എമർജൻസി കിറ്റ് തയ്യാറാക്കി സൂക്ഷിക്കണമെന്നും അധികൃതർ നിർദേശിച്ചു. വൈദ്യുതി ലൈനുകൾ പൊട്ടി വീഴാനുള്ള സാധ്യത കണക്കിലെടുത്ത് വെള്ളക്കെട്ടിലൂടെ നടക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. അപകടകരമായ വൈദ്യുതി ലൈനുകൾ ശ്രദ്ധയിൽപ്പെട്ടാൽ കെ.എസ്.ഇ.ബിയുടെ 1912 നമ്പറിൽ അറിയിക്കണം.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന താലൂക്ക്, ജില്ലാ കൺട്രോൾ റൂമുകൾ സജ്ജമാണെന്നും അടിയന്തര സഹായങ്ങൾക്കായി 1070, 1077 എന്നീ ടോൾഫ്രീ നമ്പറുകളിൽ ബന്ധപ്പെടാമെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
English Summary : The India Meteorological Department (IMD) has issued a Red Alert for nine districts in Kerala—Pathanamthitta, Kottayam, Idukki, Thrissur, Malappuram, Kozhikode, Wayanad, Kannur, and Kasaragod—predicting extremely heavy rainfall exceeding 204.4 mm in 24 hours.
ശബരിമല: ഭക്തര്‍ ദര്‍ശന സമയത്തില്‍ മാറ്റം വരുത്തണമെന്ന് ദേവസ്വം ബോര്‍ഡ്
തീവ്ര മഴയെ തുടര്‍ന്ന് പമ്പാ നദിയില്‍ വെള്ളപൊക്കം ഉണ്ടായ പശ്ചാത്തലത്തില്‍ നിറപുത്തരി ചടങ്ങുകള്‍ക്ക് ശബരിമല നട തുറക്കുന്ന ഓഗസ്റ്റ് 2, 3 തീയതികളില്‍ ശബരിമല ദര്‍ശനം നടത്താന്‍ തീരുമാനിച്ചിട്ടുള്ള ഭക്തര്‍ കഴിവതും യാത്ര ഒഴിവാക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു.
ഓഗസ്റ്റ് മാസത്തില്‍ തന്നെ ചിങ്ങമാസ പൂജകള്‍ക്കായും (ഓഗസ്റ്റ് 16 മുതല്‍ 21 വരെയും) ഓണത്തോട് അനുബന്ധിച്ച പൂജകള്‍ക്കായും (ഓഗസ്റ്റ് 24 മുതല്‍ 28 വരെയും) ശബരിമല നട തുറക്കുന്നുണ്ട്. ഇത് ദര്‍ശനത്തിനായി ഭക്തര്‍ക്ക് തിരഞ്ഞെടുക്കാവുന്നതാണെന്നും ബോര്‍ഡ് പറഞ്ഞു. കനത്ത മഴ തുടരുന്നതിനാലും മണ്ണിടിച്ചില്‍ സാധ്യതയുള്ളതിനാലുമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭക്തരോട് ഇത്തരത്തില്‍ ഒരു അഭ്യര്‍ത്ഥന നടത്തിയത്.
English Summary: The Travancore Devaswom Board (TDB) has requested devotees to avoid visiting the Sabarimala temple on August 2 and 3 during the Niraputhari rituals, following severe flooding in the Pamba River caused by heavy rainfall.




