
UAE Indian Passport & Visa Services: യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് ആശ്വാസം; പാസ്‌പോർട്ട്, വിസ സേവനങ്ങൾക്ക് പുതിയ ഓൺലൈൻ അപ്പോയിന്റ്മെന്റ് സംവിധാനം
യുഎഇയിൽ (UAE) താമസിക്കുന്ന ലക്ഷക്കണക്കിന് ഇന്ത്യൻ പ്രവാസികൾക്ക് പാസ്‌പോർട്ട്, വിസ, അറ്റസ്റ്റേഷൻ ഉൾപ്പെടെയുള്ള കോൺസുലർ സേവനങ്ങൾ കൂടുതൽ സുഗമമാക്കാൻ
യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് ആശ്വാസം; പാസ്‌പോർട്ട്, വിസ സേവനങ്ങൾക്ക് പുതിയ ഓൺലൈൻ അപ്പോയിന്റ്മെന്റ് സംവിധാനം
യുഎഇയിൽ (UAE) താമസിക്കുന്ന ലക്ഷക്കണക്കിന് ഇന്ത്യൻ പ്രവാസികൾക്ക് പാസ്‌പോർട്ട്, വിസ, അറ്റസ്റ്റേഷൻ ഉൾപ്പെടെയുള്ള കോൺസുലർ സേവനങ്ങൾ കൂടുതൽ സുഗമമാക്കാൻ പുതിയ ഓൺലൈൻ അപ്പോയിന്റ്മെന്റ് പോർട്ടൽ ആരംഭിച്ചു. അബുദാബിയിലെ ഇന്ത്യൻ എംബസിയും (Embassy of India) ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലും (Consulate General of India) സംയുക്തമായാണ് പുതിയ സംവിധാനം നിലവിൽ കൊണ്ടുവന്നത്.
ഞായറാഴ്ച (ജൂലൈ 5, 2026) പുറത്തിറക്കിയ പുതിയ സംവിധാനപ്രകാരം പ്രവാസികൾക്ക് മുൻകൂട്ടി ഓൺലൈനായി അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്ത് കോൺസുലർ സേവനങ്ങൾ ലഭ്യമാക്കാം. രാവിലെ 9.00 മുതൽ ഉച്ചയ്ക്ക് 1.00 വരെ ലഭ്യമായ സമയ സ്ലോട്ടുകളിലേക്കാണ് ബുക്കിംഗ് അനുവദിച്ചിരിക്കുന്നത്.
താൽക്കാലിക ക്രമീകരണം
പുതിയ ഏകീകൃത ഇന്ത്യൻ കോൺസുലർ ആപ്ലിക്കേഷൻ സെന്ററുകളുടെ (Indian Consular Application Centres) പ്രവർത്തനം നിയമപരമായ ചില കാരണങ്ങളാൽ വൈകിയ സാഹചര്യത്തിലാണ് ഈ താൽക്കാലിക ഭരണപരമായ മാറ്റങ്ങൾ നടപ്പാക്കിയതെന്ന് അധികൃതർ അറിയിച്ചു.
പ്രവേശനത്തിന് പുതിയ നിയന്ത്രണങ്ങൾ
എംബസിയിലും കോൺസുലേറ്റിലും അനാവശ്യ തിരക്ക് ഒഴിവാക്കാൻ പുതിയ പ്രവേശന നിയന്ത്രണങ്ങളും ഏർപ്പെടുത്തി. ഓൺലൈനായി അപ്പോയിന്റ്മെന്റ് എടുത്തവർക്ക് നിശ്ചയിച്ച സമയത്തിന് 15 മിനിറ്റ് മുമ്പ് മാത്രമേ പ്രവേശനം അനുവദിക്കൂ.
അപേക്ഷ സമർപ്പിക്കുന്ന വ്യക്തിക്ക് മാത്രമാണ് പ്രവേശനാനുമതി. എന്നാൽ പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അപേക്ഷകളിൽ മാതാപിതാക്കൾ രണ്ടുപേരും ഒപ്പമുണ്ടാകണമെന്ന് നിർദേശിച്ചിട്ടുണ്ട്.
അബുദാബിയിലും ദുബായിലും പ്രവേശന കവാടങ്ങൾ
അബുദാബിയിൽ (Abu Dhabi) പാസ്‌പോർട്ട്, വിസ സേവനങ്ങൾക്കായി എത്തുന്നവർ അൽ സഫാറാത്ത് സ്ട്രീറ്റിലെ (Al Safarat Street) ഇന്ത്യൻ എംബസിയുടെ പ്രധാന കവാടം ഉപയോഗിക്കണം. സംശയനിവാരണത്തിനും രേഖകൾ കൈപ്പറ്റുന്നതിനുമായി അൽ ഇഷിറ സ്ട്രീറ്റിലെ (Al Ishira Street) ഗാർഡിയൻ ടവറിലുള്ള (Guardian Tower) കോൺസുലർ വിഭാഗം സന്ദർശിക്കാം.
ദുബായിൽ (Dubai) പാസ്‌പോർട്ട്, വിസ സേവനങ്ങൾക്ക് ഗേറ്റ് നമ്പർ 2 വഴിയും, അറ്റസ്റ്റേഷൻ, തൊഴിൽ സംബന്ധമായ സേവനങ്ങൾക്കായി ഗേറ്റ് നമ്പർ 1 വഴിയുമാണ് പ്രവേശനം.
വാക്ക്-ഇൻ സേവനങ്ങൾക്ക് സമയപരിധി
നേരിട്ടെത്തി ടോക്കൺ എടുത്ത് സേവനം ലഭിക്കുന്ന വാക്ക്-ഇൻ (Walk-in) സംവിധാനത്തിന്റെ സമയം ഇനി രാവിലെ 9.00 മുതൽ 11.00 വരെ മാത്രമായിരിക്കും.
നവജാത ശിശുക്കളുടെ അടിയന്തര ആവശ്യങ്ങൾക്കും എമർജൻസി സർട്ടിഫിക്കറ്റുകൾക്കും (Emergency Certificate) മുൻഗണന നൽകും. മറ്റെല്ലാ അപേക്ഷകരോടും ഓൺലൈനായി മുൻകൂട്ടി അപ്പോയിന്റ്മെന്റ് എടുക്കാൻ അധികൃതർ നിർദേശിച്ചിട്ടുണ്ട്.
അപേക്ഷകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
എംബസിയിൽ എത്തുന്നതിന് മുമ്പ് അപേക്ഷകൾ പൂർണമായും പൂരിപ്പിച്ചിരിക്കണം. ഫോട്ടോ, ഒപ്പ്, വിരലടയാളം എന്നിവ വെളുത്ത പശ്ചാത്തലത്തിൽ (White Background) കൃത്യമായി അപ്‌ലോഡ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും നിർദേശമുണ്ട്.
ജൂലൈ 1, 2026 മുതൽ പ്രാബല്യത്തിൽ വന്ന പുതിയ പാസ്‌പോർട്ട് ഫീസ് (Passport Fee) നിരക്കുകളാണ് ബാധകമാകുക. ഫീസ് പൂർണമായും പണമായി (Cash) മാത്രമേ സ്വീകരിക്കൂ. അതിനാൽ ആവശ്യമായ തുക കൃത്യമായി കൈവശം കരുതണമെന്നും അധികൃതർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്കും സേവനങ്ങളുമായി ബന്ധപ്പെട്ട സംശയനിവാരണത്തിനുമായി ടോൾ ഫ്രീ ഹെൽപ്‌ലൈൻ 800 INDIA (800 46342), വാട്സ്ആപ്പ് നമ്പർ +971 54 309 0571, ഇമെയിൽ pbsk.dubai@mea.gov.in എന്നിവ വഴി ബന്ധപ്പെടാം.
English Summary : The Indian Embassy in Abu Dhabi and the Consulate General of India in Dubai have jointly launched a new online appointment portal to streamline consular services—including passport renewals, visa applications, and document attestations—for Indian expatriates in the UAE.
ശബരിമല: ഭക്തര്‍ ദര്‍ശന സമയത്തില്‍ മാറ്റം വരുത്തണമെന്ന് ദേവസ്വം ബോര്‍ഡ്
തീവ്ര മഴയെ തുടര്‍ന്ന് പമ്പാ നദിയില്‍ വെള്ളപൊക്കം ഉണ്ടായ പശ്ചാത്തലത്തില്‍ നിറപുത്തരി ചടങ്ങുകള്‍ക്ക് ശബരിമല നട തുറക്കുന്ന ഓഗസ്റ്റ് 2, 3 തീയതികളില്‍ ശബരിമല ദര്‍ശനം നടത്താന്‍ തീരുമാനിച്ചിട്ടുള്ള ഭക്തര്‍ കഴിവതും യാത്ര ഒഴിവാക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു.
ഓഗസ്റ്റ് മാസത്തില്‍ തന്നെ ചിങ്ങമാസ പൂജകള്‍ക്കായും (ഓഗസ്റ്റ് 16 മുതല്‍ 21 വരെയും) ഓണത്തോട് അനുബന്ധിച്ച പൂജകള്‍ക്കായും (ഓഗസ്റ്റ് 24 മുതല്‍ 28 വരെയും) ശബരിമല നട തുറക്കുന്നുണ്ട്. ഇത് ദര്‍ശനത്തിനായി ഭക്തര്‍ക്ക് തിരഞ്ഞെടുക്കാവുന്നതാണെന്നും ബോര്‍ഡ് പറഞ്ഞു. കനത്ത മഴ തുടരുന്നതിനാലും മണ്ണിടിച്ചില്‍ സാധ്യതയുള്ളതിനാലുമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭക്തരോട് ഇത്തരത്തില്‍ ഒരു അഭ്യര്‍ത്ഥന നടത്തിയത്.
English Summary: The Travancore Devaswom Board (TDB) has requested devotees to avoid visiting the Sabarimala temple on August 2 and 3 during the Niraputhari rituals, following severe flooding in the Pamba River caused by heavy rainfall.




