Newsroom
Iran-Israel conflict 04/03/26 : ഹോർമൂസ് കടലിടുക്ക് അടച്ചതോടെ ഭക്ഷ്യസുരക്ഷയിൽ ആശങ്ക, റമദാൻ വിപണിയെ ബാധിക്കുമോ, പ്രവാസികൾ ആശങ്കപ്പെടണോ ?
Metbeat News

Iran-Israel conflict 04/03/26 : ഹോർമൂസ് കടലിടുക്ക് അടച്ചതോടെ ഭക്ഷ്യസുരക്ഷയിൽ ആശങ്ക, റമദാൻ വിപണിയെ ബാധിക്കുമോ, പ്രവാസികൾ ആശങ്കപ്പെടണോ ?

ഇറാൻ ഹോർമൂസ് കടലിടുക്ക് പൂർണമായും അടച്ചെന്ന വാർത്തകൾ നിരവധി രാജ്യങ്ങളെയും നിരവധി മേഖലകളേയും ഞെട്ടിച്ചിരിക്കുകയാണ്.

ഹോർമൂസ് കടലിടുക്ക് അടച്ചതോടെ ഭക്ഷ്യസുരക്ഷയിൽ ആശങ്ക, റമദാൻ വിപണിയെ ബാധിക്കുമോ, പ്രവാസികൾ ആശങ്കപ്പെടണോ ? 

ഇറാൻ ഹോർമൂസ് കടലിടുക്ക് പൂർണമായും അടച്ചെന്ന വാർത്തകൾ നിരവധി രാജ്യങ്ങളെയും നിരവധി മേഖലകളേയും ഞെട്ടിച്ചിരിക്കുകയാണ്. യുഎഇ യിലെ പ്രവാസികൾക്കിടയിലും ഈ ആശങ്ക വലിയ തോതിൽ  ഉയരുന്നു.

സംഘർഷ സാഹചര്യം ശക്തമാകുന്ന സാഹചര്യത്തിൽ നിത്യജീവിതത്തെയും ദൈനംദിന കുടുംബ ബജറ്റിനെയും ഇത് എങ്ങനെ ബാധിക്കും എന്ന ആശങ്കയുണർത്തുന്ന ചോദ്യമാണ് ഇപ്പോൾ പ്രധാനമായും ഉയരുന്നത്. 

റമദാൻ മാസവും ഭക്ഷ്യസുരക്ഷയും

യുഎഇയിൽ ഉപയോഗിക്കുന്ന ഭക്ഷ്യവസ്തുക്കളുടെ 80 ശതമാനത്തിലധികവും ഇറക്കുമതിയിലാണ് ആശ്രയിക്കുന്നത്. അതിനാൽ കടലിടുക്ക് വഴി കപ്പൽ ഗതാഗതം തടസ്സപ്പെടുകയാണെങ്കിൽ ഭക്ഷ്യ ക്ഷാമമുണ്ടാകുമോ എന്നതാണ് പ്രവാസികളെ ഏറ്റവും കൂടുതൽ ആശങ്കപ്പെടുത്തുന്നത്. പ്രത്യേകിച്ച് ഈ റമദാൻ മാസത്തിൽ. 

എന്നാൽ യുഎഇ അധികാരികൾ നേരത്തെ വ്യക്തമാക്കിയതുപോലെ അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ശക്തമായ ഫുഡ് സെക്യൂരിറ്റി സംവിധാനങ്ങൾ രാജ്യത്തിനുണ്ട് എന്നത് ആശ്വാസകരമാണ്. വർഷങ്ങളോളം ആവശ്യത്തിന് മതിയാകുന്ന തരത്തിൽ അരി, ഗോതമ്പ് അടക്കമുള്ള അവശ്യസാധനങ്ങൾ സംഭരിച്ചിട്ടുണ്ടെന്നാണ് മന്ത്രാലയത്തിന്റെ വിശദീകരണം.

കൂടാതെ, രാജ്യത്തിനകത്ത് തന്നെ പച്ചക്കറി ഉൾപ്പെടെയുള്ള ഉൽപാദനം വർധിപ്പിച്ചുവരുന്നതും ഇറക്കുമതിയിലെ കുറവ് നികത്താൻ സഹായകരമാകുമെന്ന് വിലയിരുത്തുന്നു. അതിനാൽ ഒരു പരിധിവരെ സുഖമായി പിടിച്ചി നിൽക്കാം. റമദാൻ മാസത്തെ ഇതൊന്നും ബാധിക്കാൻ പോകുന്നില്ലെന്ന് ചുരുക്കം.

മറ്റൊരു പ്രത്യാഘാതം വിലക്കയറ്റമാണ്. ഈ സാധ്യത പുതിയ അവസരത്തിൽ തള്ളിക്കളയാനാകില്ല.
ഹോർമുസ് വഴി കപ്പലുകൾക്ക് സഞ്ചരിക്കാൻ കഴിയാത്ത സാഹചര്യത്തിൽ മറ്റു സമുദ്രപാതകൾ തിരഞ്ഞെടുക്കേണ്ടി വരും. ഇതോടെ ഗതാഗത ചെലവും ഇൻഷുറൻസ് തുകയും ഇരട്ടിയിലധികം വർദ്ധിക്കും. ഇതോടെ വിപണിയിലെ ഓരോ സാധനങ്ങൾക്കും (പച്ചക്കറികൾക്കും, പലചരക്ക് സാധനങ്ങൾക്കും) വില വർദ്ധിക്കാൻ കാരണമാകുമെന്നാണ് സാമ്പത്തിക നിരീക്ഷകർ പറയുന്നത്.

പെട്രോൾ, ഡീസൽ വില ഉയരും

യുഎഇ ഒരു എണ്ണ ഉൽപാദക രാജ്യമാണെങ്കിലും ആഗോള വിപണിയിലെ വിലക്കയറ്റം രാജ്യത്തെയും ബാധിച്ചേക്കാം. അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ബാരലിന് 100 ഡോളർ കടന്നേക്കാമെന്നാണ് വിദഗ്ധരുടെ പ്രവചനം. അങ്ങനെ സംഭവിച്ചാൽ പെട്രോൾ, ഡീസൽ വില ഉയരുകയും ഗതാഗത ചെലവുകൾ വർധിക്കുകയും ചെയ്യും.

ഇത് യൂബർ, ടാക്സി സർവീസുകൾ, ഡെലിവറി ചാർജുകൾ എന്നിവയിൽ കാതലായ മാറ്റം വരുത്താം. ഓൺലൈൻ ഭക്ഷണ-വസ്തു ഓർഡറുകളിൽ സർചാർജ് ഈടാക്കാനുള്ള സാധ്യതയും വർദ്ധിക്കുന്നു.

ഏതായാലും യുഎഇയിലെ ശക്തമായ ഭക്ഷ്യസുരക്ഷാ പദ്ധതിയും സംഭരണ സംവിധാനങ്ങളും ഉണ്ടാകുമ്പോൾ പ്രവാസികൾ പട്ടിണി അനുഭവിക്കേണ്ട സാഹചര്യം ഉണ്ടാകില്ലെന്ന് അധികൃതർ ആവർത്തിച്ചു ഉറപ്പുനൽകുന്നു. നിലവിലെ സാഹചര്യം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും സർക്കാർ വ്യക്തമാക്കി.

English Summary : The potential closure of the Strait of Hormuz by Iran has sent shockwaves through global markets, sparking significant concerns among the expatriate community in the UAE. As a vital artery for global energy and trade, any disruption here has a direct impact on daily life and family budgets.

കാർഷിക ഉൽപ്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കാൻ സർക്കാർ ഇടപെടണമെന്ന് കർഷക കോൺഗ്രസ് 

കാർഷിക ഉൽപ്പന്നങ്ങൾക്ക് വിപണിയിൽ അർഹമായ വില ലഭിക്കാത്തതും, ഉൽപ്പാദനച്ചെലവ് വർധിച്ചതും കർഷകരെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്ന് കോഴിക്കോട് കർഷക കോൺഗ്രസ് ജില്ലാ കമ്മിറ്റി യോഗം വിലയിരുത്തി. വിളവെടുപ്പ് കാലത്ത് ഉൽപ്പന്നങ്ങൾ വിറ്റഴിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ സർക്കാർ അടിയന്തരമായി ഇടപെട്ട് വിപണി സൗകര്യങ്ങൾ ഒരുക്കണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

കർഷകർ ഉൽപ്പാദിപ്പിക്കുന്ന കാർഷിക വിളകൾക്ക് സംഭരണ കേന്ദ്രങ്ങൾ വഴി സർക്കാർ നേരിട്ട് സംഭരണം നടത്തുകയും, തത്സമയം പണം നൽകുന്നതിനുള്ള സംവിധാനം ശക്തിപ്പെടുത്തുകയും വേണം. ഇടനിലക്കാരുടെ ചൂഷണം തടയുന്നതിനായി പഞ്ചായത്ത് തലത്തിൽ കൂടുതൽ കാർഷിക വിപണികൾ തുറക്കുന്നതിനും കർഷകരുടെ ഉൽപന്നങ്ങൾക്ക് ചുരുങ്ങിയത് ഉൽപ്പാദനച്ചെലവിനേക്കാൾ 50 ശതമാനം അധികമെങ്കിലും താങ്ങുവില ഉറപ്പാക്കാനും സർക്കാർ തയറാകണമെന്ന് യോഗം ആവശ്യപ്പെട്ടു.
കാർഷിക മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഉന്നതതല യോഗം വിളിച്ചുചേർക്കണമെന്നും, കർഷകർക്ക് വായ്പ തിരിച്ചടവിന് സാവകാശം നൽകണമെന്നും യോഗം ആവശ്യപ്പെട്ടു.

യോഗം മുൻ ഡി.സി.സി പ്രസിഡൻ്റ് കെ.സി അബു ഉദ്ഘാടനം ചെയ്തു. 
കർഷക കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ്  ബിജു കണ്ണന്തറ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എൻ.പി വിജയൻ, കെ.കെ ആലി,  രാജൻ ബാബു, സി.എം സദാശിവൻ, അസ്‌ലം കടമേരി, ദേവസ്യ ചൊള്ളാമടം, കമറുദ്ദീൻ അടിവാരം, ഫാസിൽ മാളിയേക്കൽ, അനന്ദൻ കുനിയിൽ, പട്ടയാട്ട് അബ്ദുള്ള, കെ.വി പ്രസാദ്,വി. ദാമോദരൻ, സുബൈർ കളത്തിൽ, ടി.എൻ അബ്ദുൽനാസർ, പി.എം രാധാകൃഷ്ണൻ, സുജിത് കാറ്റോട്, കെ.സി സജിത്ത്, സുനിൽപ്രകാശ്, റഫീഖ് പുതിയപാലം, സത്യേന്ദ്രൻ  എന്നിവർ സംസാരിച്ചു. 

English Summary : The Karshaka Congress District Committee has expressed deep concern over the escalating agricultural crisis, citing skyrocketing production costs and the lack of fair market prices for farm produce. In a recently passed resolution, the committee urged the government to take immediate action to support struggling farmers.

More from Metbeat