
Onam 2026 : മഴ ചതിച്ചു; പൂകൃഷി തകർന്നു, പച്ചക്കറിക്കും വിലകൂടി, ഓണ വിപണി ആശങ്കയിൽ
കേരളത്തിന്റെ ഓണവിപണിയെ ഇത്തവണ അയൽസംസ്ഥാനങ്ങളിലെ മഴക്കുറവ് പിടിച്ചു കുലുക്കും.
മഴ ചതിച്ചു; പൂകൃഷി തകർന്നു, പച്ചക്കറിക്കും വിലകൂടി, ഓണ വിപണി ആശങ്കയിൽ
കേരളത്തിന്റെ ഓണവിപണിയെ ഇത്തവണ അയൽസംസ്ഥാനങ്ങളിലെ മഴക്കുറവ് പിടിച്ചു കുലുക്കും. തമിഴ്നാട്ടിലും കർണാടകയിലും (Tamil Nadu & Karnataka) മഴ കുറഞ്ഞതോടെ പച്ചക്കറി, പൂക്കൾ തുടങ്ങിയവയുടെ ഉൽപ്പാദനവും കുറഞ്ഞു. ഇതിന്റെ പ്രതിഫലനം ഇതിനോടകം തന്നെ കേരളത്തിലെ മൊത്ത-ചില്ലറ വിപണികളിൽ പ്രകടമായിത്തുടങ്ങിയതായി വ്യാപാരികൾ ചൂണ്ടി കാട്ടുന്നു. ഓണക്കാലത്ത് ആവശ്യകത (Demand) കുത്തനെ ഉയരുന്ന സാഹചര്യത്തിൽ വില ഇനിയും വർധിക്കുമോയെന്ന ആശങ്കയാണ് വ്യാപാരികളും ഉപഭോക്താക്കളും പങ്കുവയ്ക്കുന്നത്.
കാരറ്റ്, ഇഞ്ചി, വെളുത്തുള്ളി വില കുതിക്കുന്നു
തമിഴ്നാട്ടിൽ നിന്ന് ഏറ്റവും കൂടുതൽ എത്തുന്ന പച്ചക്കറികളിലൊന്നായ കാരറ്റിന്റെ (Carrot) വില ഇതിനോടകം റെക്കോർഡ് നിലവാരത്തിലെത്തി. നിലവിൽ ഒരു കിലോ കാരറ്റിന് 90 രൂപ വരെ മൊത്തവിപണിയിൽ വിലയുണ്ടെന്നാണ് വ്യാപാരികൾ പറയുന്നത്. ഇഞ്ചിക്ക് (Ginger) കിലോയ്ക്ക് 160 രൂപയും വെളുത്തുള്ളിക്ക് (Garlic) ഉൾപ്പെടെ വിവിധ പച്ചക്കറികൾക്കും വില ഉയർന്ന നിലയിലാണ്.
വിപണിയിൽ ആവശ്യത്തിനൊത്ത് ചരക്ക് എത്താത്തതും കൃഷിയിടങ്ങളിലെ ഉൽപ്പാദനം കുറഞ്ഞതുമാണ് വിലക്കയറ്റത്തിന് പ്രധാന കാരണം. മഴ ലഭിക്കാത്തതിനാൽ വിളവെടുപ്പ് ഗണ്യമായി കുറഞ്ഞതായാണ് കർഷകർ വ്യക്തമാക്കുന്നത്.
ഓണസദ്യ വഴി മുട്ടുമോ?
കേരളത്തിലെ ഓണസദ്യയുടെ (Onam Sadya) പ്രധാന വിഭവങ്ങളായ അവിയൽ, സാമ്പാർ, ഓലൻ, കാളൻ, തോരൻ തുടങ്ങി മിക്ക വിഭവങ്ങളിലും വിവിധതരം പച്ചക്കറികൾ അനിവാര്യമാണ്. അതിനാൽ അയൽസംസ്ഥാനങ്ങളിലെ മഴക്കുറവ് കേരളത്തിലെ ഓണവിപണിയെയും നേരിട്ട് ബാധിക്കുന്ന സാഹചര്യമാണ് രൂപപ്പെട്ടിരിക്കുന്നത്.
പൂക്കൃഷിക്ക് കനത്ത തിരിച്ചടി
കർണാടകയിലെ ഗുണ്ടൽപേട്ട് (Gundlupet) മേഖലയിലെ പൂക്കൃഷിയും ഇത്തവണ മഴക്കുറവിൽ വലിയ പ്രതിസന്ധിയിലാണെന്ന് കർഷകർ പറയുന്നു. സാധാരണ പോലെ കൃഷിയിറക്കിയെങ്കിലും പകുതിപോലും വിളവെടുക്കാൻ കഴിഞ്ഞില്ലെന്നാണ് അവരുടെ പരാതി. വിരിഞ്ഞ പൂക്കളിൽ വലിയൊരു പങ്കും ചൂടും ജലക്ഷാമവും കാരണം കരിഞ്ഞുപോയതായും അവർ പറയുന്നു.
ഓണക്കാലത്ത് കേരളത്തിലെ വിപണികളിലേക്ക് ഏറ്റവും കൂടുതൽ എത്തുന്ന ചെണ്ടുമല്ലി (Marigold) ഉൾപ്പെടെയുള്ള പൂക്കളുടെ പ്രധാന ഉൽപ്പാദന കേന്ദ്രമാണ് ഗുണ്ടൽപേട്ട്. ഇത്തവണ അവിടുത്തെ ഉൽപ്പാദനം കുറഞ്ഞതോടെ പൂക്കളുടെ ലഭ്യതയും കുറയുമെന്നാണ് വിലയിരുത്തൽ.
വയനാട്ടിലെ മഴക്കുറവും തിരിച്ചടിയായി
ഗുണ്ടൽപേട്ടിലെ കർഷകർ പ്രധാനമായും ആശ്രയിക്കുന്ന ബീച്ചനഹള്ളി ഡാം (Beechanahalli Dam) ഇത്തവണ കാര്യമായി നിറഞ്ഞില്ല. വയനാട്ടിൽ നിന്ന് ഒഴുകിയെത്തുന്ന കബനി നദിയിലൂടെ (Kabini River) ആവശ്യമായ ജലലഭ്യത ലഭിക്കാത്തതാണ് ഇതിന് പ്രധാന കാരണം.
വയനാട്ടിലും ഈ സീസണിൽ മഴ കുറവായതോടെ ഡാമിലേക്ക് വേണ്ടത്ര വെള്ളമെത്തിയില്ല. ഇതോടെ ജലസേചനത്തെ ആശ്രയിച്ചിരുന്ന നിരവധി കൃഷിയിടങ്ങളിൽ കൃഷി പ്രതിസന്ധിയിലായി. സ്പ്രിങ്കളർ (Sprinkler Irrigation) സംവിധാനം ഒരുക്കിയ ചുരുക്കം ചില കൃഷിയിടങ്ങളിൽ മാത്രമാണ് തൃപ്തികരമായ വിളവ് ലഭിച്ചതെന്നും കർഷകർ പറയുന്നു.
പച്ചക്കറി വിലക്കയറ്റം ആശങ്കയുണ്ടാക്കുന്നുണ്ടെങ്കിലും അരി, ഉഴുന്ന്, പരിപ്പ് തുടങ്ങിയ അവശ്യസാധനങ്ങളുടെ (Essential Commodities) വില ഓണക്കാലം വരെ വർധിപ്പിക്കില്ലെന്ന് സപ്ലൈകോ (Supplyco) അധികൃതർ അറിയിച്ചു.
സപ്ലൈകോ വഴി വിതരണം ചെയ്യുന്ന സാധനങ്ങൾ നിലവിലെ നിരക്കിൽ തന്നെ ലഭ്യമാക്കുമെന്നും അധികൃതർ പറയുന്നു. മാത്രമല്ല മഞ്ഞ റേഷൻ കാർഡുകാർക്കുള്ള ഓണക്കിറ്റും (Onam Kit), വെള്ള-നീല റേഷൻ കാർഡുകാർക്കുള്ള സബ്സിഡി അരിയും റേഷൻ കടകൾ വഴി വിതരണം ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
ഏതായാലും ഓണത്തിന് മുന്നോടിയായി ഇനി ലഭിക്കുന്ന മഴയുടെ അളവാണ് വിപണിയിലെ വിലനിലവാരം നിർണയിക്കുക. തമിഴ്നാട്ടിലും കർണാടകയിലും മഴ മെച്ചപ്പെട്ടാൽ പച്ചക്കറിയുടെയും പൂക്കളുടെയും ലഭ്യത വർധിച്ച് വിലയിൽ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷ. എന്നാൽ വരും ദിവസങ്ങളിലും മഴക്കുറവ് തുടർന്നാൽ ഓണച്ചന്തയിൽ (Onam Market) പച്ചക്കറിക്കും പൂക്കൾക്കും കൂടുതൽ വില നൽകേണ്ടി വരുമെന്ന ആശങ്ക വ്യാപാരികളും ഉപഭോക്താക്കളും ഒരുപോലെ പങ്കുവയ്ക്കുന്നു.
English Summary : A severe rainfall deficit in Tamil Nadu and Karnataka has severely crippled crop production, directly impacting Kerala's wholesale and retail markets ahead of Onam.
ശബരിമല: ഭക്തര്‍ ദര്‍ശന സമയത്തില്‍ മാറ്റം വരുത്തണമെന്ന് ദേവസ്വം ബോര്‍ഡ്
തീവ്ര മഴയെ തുടര്‍ന്ന് പമ്പാ നദിയില്‍ വെള്ളപൊക്കം ഉണ്ടായ പശ്ചാത്തലത്തില്‍ നിറപുത്തരി ചടങ്ങുകള്‍ക്ക് ശബരിമല നട തുറക്കുന്ന ഓഗസ്റ്റ് 2, 3 തീയതികളില്‍ ശബരിമല ദര്‍ശനം നടത്താന്‍ തീരുമാനിച്ചിട്ടുള്ള ഭക്തര്‍ കഴിവതും യാത്ര ഒഴിവാക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു.
ഓഗസ്റ്റ് മാസത്തില്‍ തന്നെ ചിങ്ങമാസ പൂജകള്‍ക്കായും (ഓഗസ്റ്റ് 16 മുതല്‍ 21 വരെയും) ഓണത്തോട് അനുബന്ധിച്ച പൂജകള്‍ക്കായും (ഓഗസ്റ്റ് 24 മുതല്‍ 28 വരെയും) ശബരിമല നട തുറക്കുന്നുണ്ട്. ഇത് ദര്‍ശനത്തിനായി ഭക്തര്‍ക്ക് തിരഞ്ഞെടുക്കാവുന്നതാണെന്നും ബോര്‍ഡ് പറഞ്ഞു. കനത്ത മഴ തുടരുന്നതിനാലും മണ്ണിടിച്ചില്‍ സാധ്യതയുള്ളതിനാലുമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭക്തരോട് ഇത്തരത്തില്‍ ഒരു അഭ്യര്‍ത്ഥന നടത്തിയത്.
English Summary: The Travancore Devaswom Board (TDB) has requested devotees to avoid visiting the Sabarimala temple on August 2 and 3 during the Niraputhari rituals, following severe flooding in the Pamba River caused by heavy rainfall.




