
Huge increase in air ticket prices 05/01/26 : വിമാന ടിക്കറ്റ് നിരക്ക് കുതിച്ചുയർന്നു, ഗൾഫ്കാർക്ക് കഷ്ട്ടകാലം, തിരിച്ചു പോകാൻ ലോണെടുക്കേണ്ട അവസ്ഥ
കീശ കീറുന്ന, പല കുടുംബങ്ങളുടെയും സാമ്പത്തിക ഭദ്രത തന്നെ അവതാളത്തിലാക്കുന്ന നിരക്ക് വർധനയാണ് ഉണ്ടായിരിക്കുന്നത്.
വിമാന ടിക്കറ്റ് നിരക്ക് കുതിച്ചുയർന്നു, ഗൾഫ്കാർക്ക് കഷ്ട്ടകാലം, തിരിച്ചു പോകാൻ ലോണെടുക്കേണ്ട അവസ്ഥ
കേരളത്തിലേക്ക് ക്രിസ്‌മസ്, പുതുവത്സര അവധികൾ ആഘോഷിക്കാനായി എത്തിയ പ്രവാസി മലയാളികൾ ഇത്തവണ ഏറെ ദുരിതത്തിലാണ്. വീട്ടുകാർക്ക് ഒപ്പം ആഘോഷ ദിനങ്ങൾ കൊണ്ടാടാനുള്ള പ്രവാസികളുടെ മോഹത്തിന് ഇത്തവണ വലിയ വില തന്നെ കൊടുക്കേണ്ടി വരുന്നു. കീശ കീറുന്ന, പല കുടുംബങ്ങളുടെയും സാമ്പത്തിക ഭദ്രത തന്നെ അവതാളത്തിലാക്കുന്ന നിരക്ക് വർധനയാണ് ഉണ്ടായിരിക്കുന്നത്.
വിമാന കമ്പനികളുടെ തീവെട്ടി കൊള്ള
നിലവിൽ യുഎഇയിൽ നിന്ന് കേരളത്തിലെ വിവിധ എയർപോർട്ടുകളിൽ നിന്ന് നാട്ടിലേക് എത്താൻ വേണ്ടതിന്റെ മൂന്നിരട്ടിയോളം തുകയാണ് തിരിച്ചുള്ള യാത്രയ്ക്ക് മുടക്കേണ്ടി വരുന്നത്. നാലംഗ കുടുംബത്തിന് ഗൾഫ് രാജ്യങ്ങളിലേക്ക് തന്നെ അവധി കഴിഞ്ഞ് മടങ്ങി പോവാൻ വേണ്ടത് വലിയൊരു തുക തന്നെയാണ്. യാത്രക്കാരുടെ തിരക്ക് വലിയ തോതിൽ കൂടിയതോടെയാണ് വിമാനക്കമ്പനികളുടെ തീവെട്ടി കൊള്ള ഉണ്ടായിരിക്കുന്നത്. കോഴിക്കോട്ടുനിന്നു ദുബായിലെത്താൻ 45,000 രൂപയാണ് ടിക്കറ്റ് നിരക്കായി ഒരാൾക്ക് മാത്രം മുടക്കേണ്ടത്. എന്നാൽ ദുബായിൽ നിന്ന് കോഴിക്കോട്ടെത്താൻ 3 പേർക്ക് അത്രയും തുക മതി എന്നതാണ് നിലവിലെ സാഹചര്യം. ദുബായിലേക്ക് 8,000 രൂപ മുതൽ 14,000 രൂപ വരെയാണ് സാധാരണ നിരക്ക് ഉണ്ടാവാറുള്ളത്.
നീണ്ട അവധിക്കാലത്ത് കുടുംബത്തോടൊപ്പം നാട്ടിൽ ചെലവഴിക്കാനായി എത്തിയവരിൽ ഭൂരിഭാഗവും തിരിച്ചുപോകുന്ന സമയത്താണ് ഈ അനിയന്ത്രിതമായ നിരക്ക് വർധന. കോഴിക്കോട്-അബുദാബി ടിക്കറ്റ് നിരക്ക് 41,000 രൂപയാണ്. എന്നാൽ തിരിച്ച് അബുദാബി -കോഴിക്കോട് ടിക്കറ്റ് നിരക്ക് 15,000 രൂപ മാത്രമാണ്. സമാനമായി കോഴിക്കോട്-ഷാർജ 46,000 രൂപയാണെങ്കിൽ ഷാർജയിൽനിന്ന് കോഴിക്കോട്ടെത്താൻ പരമാവധി 18,000 രൂപ മാത്രം മതി.
യുഎഇ മാത്രമല്ല, സൗദി അടക്കമുള്ള രാജ്യങ്ങളിലേക്കും സമാന സ്ഥിതി തന്നെയാണ്. കോഴിക്കോട്ട് നിന്ന് ദോഹയിലേക്ക് 35,000 രൂപയും ദോഹയിൽനിന്ന് കോഴിക്കോട്ടേക്ക് 21,000 രൂപയുമാണ് നിരക്കുള്ളത്. കോഴിക്കോട്ടുനിന്ന് ജിദ്ദയിലേക്ക് 62,000 രൂപ വരെ നിരക്കുണ്ട്. എന്നാൽ പകുതി തുകയുണ്ടെങ്കിൽ ജിദ്ദയിൽനിന്നു കോഴിക്കോട്ടെത്താൻ സാധിക്കും. കോഴിക്കോട്ടുനിന്ന് റിയാദിലേക്ക് 33,000 രൂപയും ദമാമിലേക്ക് 34,000 രൂപയുമാണ് ടിക്കറ്റിനായി മുടക്കേണ്ടത്. എന്നാൽ കോഴിക്കോട്ടേക്ക് റിയാദിൽ നിന്ന് 23,000 രൂപയും ദമാമിൽനിന്ന് 16,000 രൂപയും മതിയാവും.
നിരക്ക് വർധന നിർബാധം തുടരുമ്പോൾ അധികൃതർ ഇടപെടണമെന്നാണ് പ്രവാസികൾ ഉന്നയിക്കുന്ന പ്രധാന ആവശ്യം. ഇതിൽ പക്ഷേ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് മാത്രമല്ല ടിക്കറ്റ് നിരക്ക് അനിയന്ത്രിതമായി കുതിച്ചുയരുന്നത് തുടരുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് കുടുംബത്തോടെ നാട്ടിലെത്തിയ പ്രവാസികളുമുണ്ട് ഇക്കൂട്ടത്തിൽ.
English Summary : The main demand of the expatriates is that the authorities should intervene when the rate hike continues unabated. However, no action has been taken and ticket prices continue to rise uncontrollably.
കാർഷിക ഉൽപ്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കാൻ സർക്കാർ ഇടപെടണമെന്ന് കർഷക കോൺഗ്രസ്
കാർഷിക ഉൽപ്പന്നങ്ങൾക്ക് വിപണിയിൽ അർഹമായ വില ലഭിക്കാത്തതും, ഉൽപ്പാദനച്ചെലവ് വർധിച്ചതും കർഷകരെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്ന് കോഴിക്കോട് കർഷക കോൺഗ്രസ് ജില്ലാ കമ്മിറ്റി യോഗം വിലയിരുത്തി. വിളവെടുപ്പ് കാലത്ത് ഉൽപ്പന്നങ്ങൾ വിറ്റഴിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ സർക്കാർ അടിയന്തരമായി ഇടപെട്ട് വിപണി സൗകര്യങ്ങൾ ഒരുക്കണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കർഷകർ ഉൽപ്പാദിപ്പിക്കുന്ന കാർഷിക വിളകൾക്ക് സംഭരണ കേന്ദ്രങ്ങൾ വഴി സർക്കാർ നേരിട്ട് സംഭരണം നടത്തുകയും, തത്സമയം പണം നൽകുന്നതിനുള്ള സംവിധാനം ശക്തിപ്പെടുത്തുകയും വേണം. ഇടനിലക്കാരുടെ ചൂഷണം തടയുന്നതിനായി പഞ്ചായത്ത് തലത്തിൽ കൂടുതൽ കാർഷിക വിപണികൾ തുറക്കുന്നതിനും കർഷകരുടെ ഉൽപന്നങ്ങൾക്ക് ചുരുങ്ങിയത് ഉൽപ്പാദനച്ചെലവിനേക്കാൾ 50 ശതമാനം അധികമെങ്കിലും താങ്ങുവില ഉറപ്പാക്കാനും സർക്കാർ തയറാകണമെന്ന് യോഗം ആവശ്യപ്പെട്ടു.
കാർഷിക മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഉന്നതതല യോഗം വിളിച്ചുചേർക്കണമെന്നും, കർഷകർക്ക് വായ്പ തിരിച്ചടവിന് സാവകാശം നൽകണമെന്നും യോഗം ആവശ്യപ്പെട്ടു.
യോഗം മുൻ ഡി.സി.സി പ്രസിഡൻ്റ് കെ.സി അബു ഉദ്ഘാടനം ചെയ്തു.
കർഷക കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ബിജു കണ്ണന്തറ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എൻ.പി വിജയൻ, കെ.കെ ആലി, രാജൻ ബാബു, സി.എം സദാശിവൻ, അസ്‌ലം കടമേരി, ദേവസ്യ ചൊള്ളാമടം, കമറുദ്ദീൻ അടിവാരം, ഫാസിൽ മാളിയേക്കൽ, അനന്ദൻ കുനിയിൽ, പട്ടയാട്ട് അബ്ദുള്ള, കെ.വി പ്രസാദ്,വി. ദാമോദരൻ, സുബൈർ കളത്തിൽ, ടി.എൻ അബ്ദുൽനാസർ, പി.എം രാധാകൃഷ്ണൻ, സുജിത് കാറ്റോട്, കെ.സി സജിത്ത്, സുനിൽപ്രകാശ്, റഫീഖ് പുതിയപാലം, സത്യേന്ദ്രൻ എന്നിവർ സംസാരിച്ചു.
English Summary : The Karshaka Congress District Committee has expressed deep concern over the escalating agricultural crisis, citing skyrocketing production costs and the lack of fair market prices for farm produce. In a recently passed resolution, the committee urged the government to take immediate action to support struggling farmers.





